Mail: reach@vakdevatha.com | Phone: +91 9604014773
September 25, 2022

പ്രിയങ്കയുടെ ഭാവി നിര്‍ണയിക്കുന്ന യു.പി. തെരെഞ്ഞെടുപ്പ്
എട്ടില്‍ തൂങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനു പുതുജീവനുണ്ടാകുമോ?

രാഷ്ട്രീയ നിരീക്ഷകര്‍ കൂട്ടിക്കിഴിക്കുന്നു.

വീണ്ടും തെരെഞ്ഞെടുപ്പ്. ഇത്തവണത്തെ ഉപതെരെഞ്ഞെടുപ്പ് യു.പി.യിലടക്കം അഞ്ചിടത്താണ്. പോരാട്ടത്തിനു കൊഴുപ്പു കൂടി തുടങ്ങി. അഞ്ചില്‍ പ്രധാനം യു.പി. തന്നെ. ഏറ്റവും കൂടുതല്‍ 403 നിയമസഭാ മണ്ഡലങ്ങള്‍, 80ലോകസഭാ മണ്ഡലങ്ങളുള്ളത് യു.പി.യിലാണ്. യു.പി. പിടിച്ചാല്‍ ഇന്ത്യ പിടിച്ചുവെന്നാണ് വയ്പ്പ്. അതു പിഴക്കാറില്ല.

അച്ഛന്‍ ആനപ്പുറത്തു കയറിയതിന്റെ തഴമ്പ് തടവി നോക്കി കാലം കഴിക്കുന്ന രാഹുല്‍ ഗാന്ധിക്കു മേല്‍ കോണ്‍ഗ്രസിനു വിശ്വാസം കുറഞ്ഞിരിക്കുകയാണ്. പട്ടു മെത്തയായിരുന്നു കോണ്‍ഗ്രസ്. കിടത്തിയത് ‘അട്ട’ യെയായിപ്പോയി. കോണ്‍ഗ്രസ് മുച്ചൂടും മുങ്ങി. ഇനി ഏക ആശ്രയം പ്രിയങ്ക.

കഴിഞ്ഞ തവണത്തെ യു.പി പോരാട്ടത്തിനു മുന്നില്‍ രാഹുലായിരുന്നു. 403 നിയമസഭ സീറ്റില്‍ കരപറ്റിയത് കേവലം ഏഴില്‍ മാത്രം. 80 ലോകസഭാ സിറ്റില്‍ കോണ്‍ഗ്രസിന് ഒറ്റ ഒരാള്‍ മാത്രം. രാഹുല്‍ പോലും തോറ്റോടി കേരളത്തില്‍ അഭയം പ്രാപിച്ച ചരിത്രം നാം മറന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യക്കു ശേഷം പതിറ്റാണ്ടുകള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ ചരമഗീതമായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പ്. നേതാക്കളില്‍ പലരും കൂറുമാറി. ചിലര്‍ പാലം വലിച്ചു. മറ്റു ചിലര്‍ കുതികാല്‍ വെട്ടി. ആനയായി ആലയത്തില്‍ വിലസിയിരുന്ന കോണ്‍ഗ്രസിനെ തൊഴുത്തില്‍പ്പോലും കെട്ടാന്‍ കഴിയാതെ വന്നു. ഈ തിരഞ്ഞെടുപ്പ് വേളയിലും ഇതിനു മാറ്റം വന്നിട്ടില്ല.

ഇതിനു ഒരു മാറ്റം വരണം. വന്നേ മതിയാകൂ. കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എന്‍.ഡി.എ ഒഴികെ സകല കക്ഷികളും അതാഗ്രഹിക്കുന്നു. ഇവിടെയാണ് കോണ്‍ഗ്രസിനുള്ള പ്രതീക്ഷ. രണ്ടാം ഇന്ദിരയായി ഉയര്‍ത്തിക്കാട്ടി ഗോദയിലിറങ്ങുകയാണ് പ്രിയങ്ക. മതേതര ഇന്ത്യയെ തിരിച്ചു കൊണ്ടു വരാന്‍ പ്രിയങ്കക്കാവുമോ? വലിയ ചോദ്യമാണത്. ജനകോടികളുടെ കണ്ഠത്തില്‍ ഇടറി നില്‍ക്കുന്ന ചോദ്യം.

മോദിയും, അമിത്ഷായും ചേര്‍ന്ന് പിടിച്ചടക്കുകയായിരുന്നു ഉത്തര്‍ പ്രദേശിനെ. യോഗി ആദിത്യനാഥിനെ അവിടെ വാഴിച്ചു. ജനാധിപത്യ മൂല്യങ്ങള്‍…മതേതര ഭാരതത്തിന്റെ മനസ് തടവറയിലായെന്ന് പിന്നീട് തെളിഞ്ഞു. അടിതെറ്റിയാല്‍ ആനയും വീഴുമല്ലോ. യുപിയില്‍ യോഗിക്ക് അടി പിഴച്ചിരിക്കുന്നു. യോഗി നയിക്കുന്ന കപ്പലില്‍ തന്നെ ചതിയന്മാരുണ്ടായിരുന്നു. യോഗി മന്ത്രിസഭയുടെ പ്രതാപം ചാമ്പലായി. ഇത് സമാജ് വാദിക്കെന്ന പോലെ കോണ്‍ഗ്രസിനും കൂടിയുള്ള അവസരമാണ്. അതിനായി പടക്കിറങ്ങുകയാണ് പ്രിയങ്ക. ലക്കിപ്പൂരിലേക്ക് കയറ്റില്ലെന്ന് കട്ടായം പറഞ്ഞ പോലീസിനെ ജനശക്തി ഉപയോഗിച്ച് ചെറുത്തു തോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിച്ചു. അണ്ണാന്‍ കുഞ്ഞിനെയാണ് യോഗി സര്‍ക്കാര്‍ മരം കയറാന്‍ പഠിപ്പിച്ചത്. ലക്കീപ്പൂരിലെത്തിയെങ്കിലും പ്രിയങ്ക വീട്ടു തടവറയിലാക്കപ്പെട്ടു. തടവിനിടയില്‍ സീതാപ്പൂര്‍ റസ്റ്റ് ഹൗസ് അടിച്ചു വൃത്തിയാക്കുന്ന പോസ്റ്റര്‍ പുറത്തു വന്നു. അതവരുടെ യശസ്സ് ഉയര്‍ത്തി. ഇന്ന് യുപി.ലെ ജനങ്ങള്‍ക്ക് രണ്ടാം ഇന്ദിരയാണ് പ്രിയങ്ക.

മോദിയും, ഷായും ഉയര്‍ത്തിവിട്ട അതേ തന്ത്രം തിരിച്ചു പയറ്റിത്തുടങ്ങുകയാണവര്‍. വാരാണസിയിലുടെ യു.പി., യു.പിയിലൂടെ ഇന്ത്യ എന്ന അതേ തന്ത്രമുപയോഗിച്ച് വല നെയ്യുകയാണവര്‍. ലക്കീംപൂരിലെ കര്‍ഷകര്‍ക്കു നേരെ കാറോടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയ ബി.ജെ.പി എം.പിയെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പ്രിയങ്കയുടെ നിശ്ചയദാര്‍ഡ്യത്തിനു സാധിച്ചു. തെരെഞ്ഞെടുപ്പിലെ തിരിച്ചു വരവിനുള്ള ആദ്യപടി വിജയിച്ചിരിക്കുന്നു. യോഗി ആദിത്യ നാഥിന്റെ ഭരണ കൂടത്തില്‍ ദുര്‍നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. ബലാല്‍സംഗം ചെയ്തു കൊന്നു തള്ളിയ ദലിത് ബാലികയെ കത്തിച്ചു ചാമ്പലാക്കിയത് ഇനിയും ജനം മറന്നിട്ടില്ല. പ്രത്യേകിച്ച് ദളിതര്‍. ദലിത് നേതാവും, യോഗി ആദിത്യ നാഥിന്റെ നിയമസഭയിലെ എം.എല്‍.എമാരും മന്ത്രി അടക്കം രാജിവെച്ചു പുറത്തു പോയതടക്കം ന്യൂനമര്‍ദ്ദം ബി.ജെ.പിക്കു ചുറ്റും ഉരുണ്ടു കൂടുകയാണ്. കഴിഞ്ഞ 32 വര്‍ഷമായി അധികാരത്തിനു പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസിനു ചെങ്കോലിനടുത്തെത്താന്‍ സമയമായില്ലെങ്കില്‍ പോലും വര്‍ദ്ധിച്ച വീര്യം സിദ്ധിച്ചിരിക്കുകയാണ്. ഉന്നാവിലെ പെണ്‍കുട്ടിയുടെ മാതാവ്, ഒരു ഗ്രാമീണ വനിത മാത്രമെങ്കില്‍പ്പോലുമുണ്ട് ഗോദയില്‍.

ഇപ്പോള്‍ പ്രിയങ്ക വിവാദപുരുഷനായ റോബര്‍ട്ട് വദ്രയുടെ ഭാര്യ, റയ്ഹാന്റേയും, മിറായായുടേയും മാതാവ് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെട്ടിത്തിളങ്ങിയ നെഹ്രുവിന്റെ, ഇന്ദിരാഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പ്രതിരൂപമായി തിരിച്ചു വരികയാണവര്‍. കോണ്‍ഗ്രസിന്റെ സൂവര്‍ണകാലത്തിലേക്കുള്ള തിരിച്ചു നടത്തത്തിന് ആക്കം കൂടുകയാണ്. ഭരണം തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, 2014ലും, 2016ലും കോണ്‍ഗ്രസ് അകപ്പെട്ട രാഷ്ട്രീയ മഹാമാരിയില്‍ നിന്നും, കുതറിമാറാനെങ്കിലും ആവണം ഇത്തവണ. അങ്ങനെ വന്നാല്‍ പ്രിയങ്കയുടെ ഭാവിപ്രധാനമന്ത്രിയിലേക്കുള്ള ആദ്യചവിട്ടു പടിയായിരിക്കും അത്. നരേന്ദ്ര മോദിക്കു ബദലായി ഉദിച്ചുയരാന്‍ കൊതിക്കുന്ന ത്രിവര്‍ണ നക്ഷത്രമായി മാറും പ്രിയങ്ക. സ്വന്തം പിതാവിനെ, രാജീവ് ഗാന്ധിയെ നിഷ്‌ക്കരുണം വധിക്കാന്‍ കൂട്ടുനിന്ന നളിനിയെ ജയിലില്‍ സന്ദര്‍ശിക്കാനും, അവര്‍ക്ക് മാപ്പു നല്‍കിയതായി അറിയിക്കാനും സാധിക്കുന്നിടത്തോളം വളര്‍ന്നിരിക്കുന്നു അവര്‍. വിശാല മനസുള്ളവര്‍ക്കേ അതിനു സാധ്യമാവുകയുള്ളു. ശ്രീ ബുദ്ധനെപ്പോലെ.

സമ്മിശ്ര മത സങ്കലനങ്ങളിലൂടെ ജനിച്ച് വളര്‍ന്ന പ്രിയങ്കയില്‍ ഇന്ത്യ ഒരു മതനിരപേക്ഷ സംസ്‌കാരത്തിന്റെ പ്രഭാതം ദര്‍ശിക്കുന്നു. അങ്ങനെ വരികില്‍ ഇന്ത്യയില്‍ വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്തതും മുരടിച്ചു പോയതുമായ ഇടതു പക്ഷ ചിന്തകരുടെ അകമഴിഞ്ഞ പിന്തുണ ചോദിക്കാതെ തന്നെ പ്രിയങ്കയെ തേടിയെത്തും. മറ്റു പല ചെറുകക്ഷികളും ചെറു ജാഥാ സംഘങ്ങളായി ഒപ്പം ചേരും. മതജാതി വര്‍ഗ കോമരങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന നേതാക്കളുടെ പടയോട്ടത്തിനു അറുതി വരാന്‍ ഒരു നിമിത്തം മാത്രം സാധ്യമായാല്‍ മതി. കൃതായുഗത്തിലെ നരസിംഹാവതാരം പോലെ, ത്രേതായുഗത്തിലെ രാമനേപ്പോലെ, ദ്വാപരയുഗത്തിലെ കൃഷ്ണനെപ്പോലെ മഹാഭാരതമെന്ന രാജ്യത്തെ രക്ഷിക്കാന്‍ ഒരു അവതാരം ഉണ്ടായേ മതിയാകു.

ദരിദ്രരും, അതിനേക്കാള്‍ ഉപരി ദലിത് വര്‍ഗവും തമാസിക്കുന്ന ചേരിയിലെ ജനം പ്രിയങ്കയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവിടുത്തുകാര്‍ പൂജിക്കുന്ന വാല്‍മീകി മഹര്‍ഷിയുടെ മന്ദിരത്തില്‍ ഏകാന്ത വൃതം അനുഷ്ഠിക്കാന്‍ ചെല്ലുന്നു. അവിടം, മലീമസമായി കിടക്കുന്ന ക്ഷേത്ര പരിസരം നാട്ടുകാരേയും ചേര്‍ത്തു പിടിച്ച് വൃത്തിയാക്കാനും ഉല്‍സാഹിക്കുന്നു . വാല്‍മീക ക്ഷേത്ര സന്ദര്‍ശനവും മറ്റും വെറും രാഷ്ട്രീയ അടവു തന്ത്രമായും ആളെ കൈയ്യിലെടുക്കാനാണെന്നും കരുതി തള്ളിക്കളയാന്‍ മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന ബി.ജെ.പിയുടെ ആപ്തവാക്യത്തിനു മുന്നില്‍ തലകുലുക്കി സമ്മതിച്ച രാഹുലിനേക്കാള്‍ വിലയേറിയ ചിന്ത പ്രയങ്കയുടെ ഉള്ളിന്റെ ഉള്ളിലുണ്ടെന്നു മനസിലാക്കിയതു കൊണ്ടു കൂടിയാണത്. തന്നില്‍ ഉറഞ്ഞു കൂടിയിരിക്കുന്ന മതനിരപേക്ഷ ചിന്തയെ, സോഷ്യലീസത്തില്‍ അധിഷ്ടിതമായ ജനഹിതത്തെ, ശ്രീ ബുദ്ധനെപ്പോലെ ചിന്തിക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിച്ചിരിക്കണം. തന്നില്‍ കുടികൊള്ളുന്ന ബൗദ്ധ സാന്നിദ്ധ്യത്തെ ജനം തിരിച്ചറിഞ്ഞു വരുന്നു.

സൈക്കോളജിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അമ്മ സോണിയ ചോദിച്ചു. തുടര്‍ന്ന് എന്താണ് ഉദ്ദേശം? പൊതു സേവനത്തില്‍ താല്‍പ്പര്യമുണ്ടോ? എനിക്ക് ബുദ്ധനെക്കുറിച്ച് പഠിക്കണം.
അമ്മ സമ്മതം മൂളി.
ബുദ്ധമത പഠനത്തില്‍ ബിരുദാനന്തര ബിരുദമെടുത്തതിനു ശേഷം മാത്രമാണ് പ്രിയങ്ക പൊതു ജീവിത സേവനം തെരെഞ്ഞെടുക്കുന്നത്. ചിലപ്പോള്‍ ഇത് രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായിരിക്കാം. 300 പേജുകളുള്ള 75,000ത്തില്‍പ്പരം വാക്കുകള്‍ അടുക്കി വെച്ചുള്ള പ്രിയങ്കയുടെ പുസ്തകം വരാനിരിക്കുന്നു. എന്താകണം ഇന്ത്യ എന്ന തന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള വഴി തേടലായിരിക്കാം ഒരു പക്ഷെ ഈ പുസ്തകം. ‘ എന്റെ പ്രത്യയശാസ്ത്രം’ എന്നായിരിക്കാം ഒരു പക്ഷെ പുസ്തകത്തിന്റെ തലക്കെട്ട്.

ബുദ്ധമത പഠനത്തിനു ശേഷം എന്നും പ്രസന്നവദയായിരുന്നു പ്രിയങ്ക. ഭര്‍ത്താവ് രോബര്‍ട്ട് വദ്ര വിവാദചുഴിയില്‍ പെടുമ്പോഴും പ്രിയങ്ക സുസ്‌മേര വദനയായിരുന്നു. ജയിലില്‍ തന്നെ കാണാനെത്തിയപ്പോള്‍ എന്നെ നോക്കി പൊട്ടിക്കരഞ്ഞ പ്രിയങ്കയെ ഓര്‍ത്ത് പിന്നീട് ഞാന്‍ കരയാത്ത ദിവസങ്ങളില്ലെന്ന് രാജീവ് വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനി എഴുതിയ ‘രാജീവ് മര്‍ഡര്‍: എ ഹിഡന്‍ ട്രൂത്ത്’ എന്ന പുസത്കത്തില്‍ വിവരിക്കുന്നു. അതിനു സാധിച്ചിരിക്കുക ഒരു പക്ഷെ ശ്രീബുദ്ധന്‍ തന്നില്‍ ചെലുത്തിയ സ്വാധീനമായിരിക്കാം. വിപാസന, വിപശ്യന എന്നൊക്കെപ്പറയുന്ന ഒരു തരം ബുദ്ധധ്യാനാവലികള്‍ പരിശീലിക്കുന്നതും, അതുവഴി മനസാന്നിദ്ധ്യം സിദ്ധിച്ച വ്യക്തിയാണ് പ്രിയങ്ക. അത്തരത്തിലെ അത്യപൂര്‍വ്വ നേതാക്കളെ മാത്രമെ നമുക്കിടയില്‍ ഒരു പക്ഷെ കാണാന്‍ സാധിക്കുകയുള്ളൂ. ജിവിതപന്ഥാവിലുടെ സഞ്ചരിക്കുമ്പോള്‍ ബുദ്ധപ്രകൃതിയിലും, ബുദ്ധതത്വങ്ങളിലും മുറുകെ പിടിക്കുകയാണവര്‍. ഗൗതമബുദ്ധന്റെ രീതിയെയാണ് അവര്‍ സനാതനമാര്‍ഗമായി കാണുന്നത്. മാറി വരുന്ന പുരോഗമന ഇന്ത്യയുടെ ചെങ്കോല്‍ മതലാഭ ചിന്ത തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത പ്രിയങ്കയിലേക്കെത്തിച്ചേരണം. അങ്ങനെ വന്നാല്‍ മഹാരാജ്യത്തിന്റെ നിലവിലുള്ള അവസ്ഥക്കു തന്നെ കാതലായ മാറ്റമുണ്ടാകുമെന്ന് കരുതുകയാണ് ഈ കുറിപ്പുകാരന്‍. ഇന്ത്യ ഹിന്ദുക്കളുടേതെന്ന് ബി.ജെ.പിക്കു മുന്നില്‍ മനസമ്മതം നല്‍കുന്ന രാഹുലിനേക്കാളുപരി, കലിയുഗത്തിലൂടെ കടന്നു പോകുന്ന മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സിദ്ധാര്‍ത്ഥാവതാരമായി മാറിയേക്കും ഒരു പക്ഷെ പ്രിയങ്ക.

അടുത്ത കാലം വരെ, കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു അവര്‍. 2007ലെ അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയ്ക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതയെ ശാന്തമാക്കുന്നതിനായിരുന്നു ആദ്യമായി തിരശീലക്കു പുറത്തു വരുന്നത്. അവിടെ നിന്നുമാണ് ഉത്തര്‍ പ്രദേശ് (ഈസ്റ്റ്) ന്റെ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി അവരോധിക്കുന്നത്. അവിടെ നിന്നുമുള്ള പ്രയാണത്തില്‍ നിന്നുമാണ് പുതിയൊരു ഇന്ദിരാഗാന്ധിയെ, സിദ്ധാർത്ഥനെ പ്രിയങ്കയിൽ നാം കണ്ടു തുടങ്ങുന്നത്.

യു.പിയിലെ കലക്കുവെള്ളത്തില്‍ കോണ്‍ഗ്രസിന് മീന്‍ പിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, സമാജ് വാദിയും, ബി.എസ്.പിയും ഒപ്പത്തിനൊപ്പമുണ്ട്. എളുപ്പത്തില്‍ ഓടി ജയിക്കാനല്ല, ജനത്തിന്റെ മനസില്‍ കുടിയിരിക്കുവാനുള്ള ശ്രമമായിരിക്കും പ്രിയങ്കയുടേത്.

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.