Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ. 1991 ജനുവരി 24 നാണ് ആ അതുല്യ കലാകാരൻ നമ്മെ വിട്ടു പിരിഞ്ഞത്. 31 വർഷം പിന്നിട്ടു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്. എങ്കിലും അദ്ദേഹത്തിന്റെ ഓരോ സിനിമകളും നമ്മുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിലെ സാഹിത്യകാരന്റെയും, സംവിധായകന്റെയും സംഭാവന മികവ് എടുത്ത് പറയുന്നത്. മേയ് 23, 1945 ന് ജനനം. പച്ചമനുഷ്യനായിരുന്നു പത്മരാജന്‍. സിനിമയോടുള്ള സമീപനം കൊണ്ട് ഒരു യഥാര്‍ഥ കലാകാരന്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള അപൂര്‍വം പേരില്‍ ഒരാള്‍. മനുഷ്യ സഹജമായ എല്ലാ വാസനകളും പത്മരാജന്‍ സിനിമകളില്‍ കാണാം. പ്രണയം എന്ന വികാരത്തെ ഇത്ര ആർദ്രമായി, കലാപരമായി ഒപ്പിയെടുക്കാൻ പറ്റിയ മറ്റൊരു സംവിധായകനുണ്ടോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. അത് പോലെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമയിൽ നൽകിയ പ്രാധാന്യം സ്ത്രീകളെ എത്രകണ്ട് ബഹുമാനിക്കുന്നു എന്നുള്ളതിന് മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യമില്ല. പദ്മരാജന്റെ അവസാനത്തെ സ്ത്രീ കഥാപാത്രമാണ് ഞാൻ ഗന്ധർവ്വനിലെ ഭാമ
ശാപം കിട്ടി ഭൂമിയിൽ വന്ന ഗന്ധർവ്വനെ പ്രണയിച്ച ഭാമ. ശാപമേറ്റ് ഭൂമിയിലേക്കു വരുമ്പോൾ അയാൾക്കു ശാപമോക്ഷത്തിനുള്ള വഴി കന്യകയെ പ്രാപിക്കലായിരുന്നു. പക്ഷേ അവർക്കിടയിൽ പ്രണയം പൂക്കുന്നു. ആ പ്രണയത്തിൽ ബാക്കിയുള്ള പ്രശ്നങ്ങളെല്ലാം അവർ അവഗണിക്കുന്നു. എത്ര മനോഹരമായാണ് പദ്മരാജൻ ഭാമയെ സൃഷ്ടിച്ചത്.

ഒരു കാര്‍മേഘക്കീറായി ഒഴുകിയെത്തി. മഴയായി പെയ്ത്.. പുഴയായി ഒഴുകി.. കാലത്തിന്റെ ചക്രവാളങ്ങള്‍ക്കപ്പുറത്തെ ഏതോ മഹാസാഗരത്തിലേക്ക്.. ഏതോ ഗന്ധര്‍വ്വ ലോകത്തേക്ക് മറഞ്ഞ
മഹാ പ്രതിഭ. പദ്മരാജന്റെ എക്കാലത്തെയും പത്ത് നല്ല സിനിമകളാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, ദേശാടനക്കിളി കരയാറില്ല, മൂന്നാം പക്കം, അപരന്‍, ഇന്നലെ, കള്ളന്‍ പവിത്രന്‍ തുടങ്ങിയവ.

മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ സമ്പന്നനാണ് പത്മരാജന്‍ എന്ന പ്രതിഭ.. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ
സാഹിത്യ-ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍.. എല്ലാ അര്‍ത്ഥത്തിലും മലയാളിമനസ്സുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം..

ശക്തമായ ഭാഷ അനായാസമായ എഴുത്തിന്റെ ഒഴുക്ക് ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത.. പത്മരാജന്‍ രചനകള്‍ വര്‍ണനാതീതമാണ്.. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് പത്മരാജന്റെ തിരക്കഥകളായിരുന്നു.. പത്മരാജന്‍ ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നതും അതുകൊണ്ടാണ്.. പദ്മരാജൻ കഥകളും ഒരു തലോടലാണ്. പദ്മരാജന്റെ ആദ്യ നോവൽ നക്ഷത്രങ്ങളെ കാവൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ വേളയിൽ കഴിഞ്ഞ ലക്കം വാഗ്ദേവതയിൽ ഡോ. സജിത്ത് ഏവൂരേത് അതിനെ കുറിച് ഒരു തിരനോട്ടം തയ്യാറാക്കിയത് പദ്മരാജൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. മുൾമരത്തിന്റെ വിത്തുവീണ നീതിശാസ്ത്രങ്ങളുടെ പ്രകൃതിയിൽ, ബലിയർപ്പിക്കപ്പെടുന്ന ജീവിതങ്ങളായി ഒരുപിടി വർഗ്ഗമാതൃകകളെ നിർവചിച്ചുറപ്പിച്ച നോവലയായിരുന്നു അത്. ആദ്യ നോവൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 25. പിന്നീട് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ തൊപ്പിയിൽ പൊൻതൂവലായി മാറി. പദ്മരാജൻ – ഭരതൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നവയായിരുന്നു. സിനിമാ ലോകത്ത് മാന്ത്രികത സൃഷ്ടിച്ച രണ്ട് അതുല്യ ജന്മങ്ങൾ ഒന്നിച്ചപ്പോഴുണ്ടായ സൃഷ്ടികൾ എന്നെന്നും പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രയാണം പദ്മരാജന്റെ ആദ്യ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം. മുപ്പത്തിയാറ് തിരക്കഥകൾ പദ്മരാജൻ സ്വന്തമായി രചിച്ചു. പ്രേക്ഷകനെ സുഖിപ്പിക്കാൻ പദ്മരാജൻ ചിത്രങ്ങളിലെ ക്ലൈമാക്സ് രംഗങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

പ്രണയവും ജീവിതവും ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച ഗന്ധര്‍വ്വസാന്നിധ്യം.. എഴുത്തില്‍ നിലനിര്‍ത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്‍ സിനിമകളെ പുതിയതലത്തിലേക്ക് ഉയര്‍ത്തി..നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തൂവാനത്തുമ്പികളിലും പ്രണയത്തിന്റേയും കാമത്തിന്റേയും ലോലവും തീക്ഷണവുമായ സന്ദര്‍ഭങ്ങള്‍ വളരെ മനോഹരമായി വരച്ചുകാട്ടി..

1987ലാണ് തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്.. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു.
ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്‌ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ
നമ്മുടെ മുന്നിലുണ്ട്.. ക്ലാരയും ജയകൃഷ്ണനും രാധയും കണ്ണുകള്‍ക്ക് മുന്നില്‍ വന്നങ്ങിനെ നില്‍ക്കും..
പ്രണയിക്കാന്‍ പഠിപ്പിച്ച തുമ്പികള്‍ തൂവാനത്ത് അങ്ങിനെ പാറിപ്പറന്നു നടക്കും..

ഉപാധികളില്ലാത്ത സ്നേഹമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത്.. സ്വവര്‍ഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്താണ് ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്.. വ്യവസ്ഥാപിത പ്രണയസങ്കല്‍പങ്ങളെ ആകെ ഉടച്ചുവാര്‍ക്കുകയായിരുന്നു പത്മരാജന്‍ തന്റെ ചിത്രങ്ങളിലൂടെ.. അധികമാര്‍ക്കും എഴുതാന്‍ താല്‍പര്യമില്ലാത്ത മരണത്തെയും ഏറ്റവും കാവ്യാത്മകമായി സമീപിച്ച ഒരാളായിരുന്നു പത്മരാജന്‍..

സിനിമയിൽ കാണിച്ച ആ മികവിന്റെ ഇരട്ടിയോളം തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് സാധിച്ചു.. കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ, വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ സൃഷ്ടികൾ ഏവരുടെയും മനസ്സിൽ പ്രണയം നിറയ്ക്കുന്നവയായിരുന്നു.. “വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല..
നീ മരിച്ചതായി ഞാനും.. ഞാൻ മരിച്ചതായി നീയും കരുതുക..
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക..”
എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം,
ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു.. നായകനും നായികയും ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് തന്റെ രചനകളിലൂടെ പത്മരാജൻ പഠിപ്പിച്ചു..പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതുമൊക്കെയാണെന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു.. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം,
മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു.

മലയാള സിനിമയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രതിഭ ഓര്‍മ്മയായിട്ട് തന്നെ 31 വര്ഷമാകുമ്പോഴും അദ്ദേഹം ഒരു ഗന്ധർവനായി മലയാളി മനസ്സുകളിൽ ഇന്നും വിരാജിക്കുന്നു. “ഞാൻ ഗന്ധർവ്വൻ ചിത്രശലഭമാവാനും, പാവയാകാനും, മാനാകാനും, മനുഷ്യനാകാനും, നിന്റെ ചുണ്ടിന്റെ മുത്തമാകാനും, നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി” പദ്മരാജൻ തിരക്കഥയിലെ വാക്കുകൾ. കഥ പറഞ്ഞു പറഞ്ഞു ഗന്ധർവ ലോകത്തേയ്ക്ക് യാത്രയായ ആ ഗന്ധർവന് മുന്നിൽ ഒരുപിടി അശ്രുപൂക്കൾ.

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.