Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022

കെ. റെയിലിന് എതിരെ പ്രശസ്ത കവിയും, ചലച്ചിത്ര ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് കവിതയിലൂടെ പ്രതിഷേധം അറിയിച്ചതിന്, ഇടത് അനുകൂലികൾ അദ്ദേഹത്തെ സൈബർ ഇടങ്ങളിലൂടെ അക്രമിക്കുന്നതിന് എതിരെ വാഗ്ദേവത മാസിക പ്രതിഷേധം അറിയിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില പ്രവർത്തകർ തന്നെ ഇത്തരം ഒരു തരം താണ പ്രവർത്തി നടത്തുന്നത് തീർത്തും അപലപനീയമാണ്. കൂടാതെ ആദ്ദേഹം ഒരു ഇടത് ചിന്തകനാണ് എന്ന കാര്യവും ഇത്തരക്കാർ മറന്നുപോകുന്നു. ഇത്തരം പ്രവർത്തികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂ.

‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ’ എന്നു തുടങ്ങുന്ന കവിത ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമർശനം.

കവിതയുടെ പൂർണരൂപം
ഹേ…കേ…
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?

വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ സൈബർ ആക്രമണങ്ങളെ പുച്ഛിച്ച് ‘തെറിയാൽ തടുക്കുവാൻ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

‘തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല’; എന്ന് പറഞ്ഞു റഫീഖ് അഹമ്മദിനെ പിന്തുണച്ച് പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് തുടങ്ങി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതി ആഘാതം വരുത്തിവെക്കാൻ പോകുന്ന കെ റെയിലിനോടുള്ള ശക്തമായ എതിർപ്പ് താൻ അറിയിക്കുകയാണെന്നും അവർ പോസ്റ്റിൽ പറഞ്ഞു.

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.