Mail: reach@vakdevatha.com | Phone: +91 9604014773
September 26, 2022

കണ്ണാടി
വേലായുധൻ പി

              കേരളം ഭരിക്കുന്നത് ഗവർണറോ?

കേരളത്തിൽ അടുത്ത കാലത്ത് അരങ്ങേറുന്ന ചില സംഭവ പാരമ്പരകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആർക്കും തോന്നാവുന്ന ഒരു കാര്യമാണ് കേരളം ഭരിക്കുന്നത് ഗവർണറാണോയെന്ന്. ബിജെപിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ അധികാര പരിധി കുറച്ചു കൊണ്ടുവരാനും ഡൽഹി ഭരണം തങ്ങളുടെ വരുതിയിലാക്കാനും ഗവർണർക്ക് കൂടുതൽ അധികാരം നൽകിയത് ഇവിടെ ആരും മറന്നിട്ടില്ല. കേരളത്തിൽ ബിജെപി ക്ക് ഒരിക്കലും വേരോട്ടം ഉണ്ടാവില്ല എന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്. ഇ. ശ്രീധരനെ അടക്കമുള്ള പ്രഗത്ഭരെ കളത്തിലിറക്കി ബിജെപി ഒരു കൈ നോക്കിയിട്ടും ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോലും നില നിർത്താൻ സാധിച്ചിട്ടില്ല. ആ സ്ഥിതിക്ക് തങ്ങളുടെ നോമിനിയായ ഗവർണറിലൂടെ ഭരണത്തിൽ ഇടങ്കോലിടാനുള്ള ശ്രമമാണോ ബിജെപി നടത്തുന്നത് എന്ന പൊതുവായ ഒരു ആക്ഷേപം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.

നയ പ്രഖ്യാപനത്തിൽ ഒപ്പിടാതെ തിരിച്ചയച്ച സംഭവവും, ഒടുവിൽ തന്റെ ആവശ്യമായ പൊതുഭരണ സെക്രട്ടറി കെ. ആർ. ജ്യോതിലാലിനെ മാറ്റിയപ്പോൾ മാത്രം ഒപ്പിട്ട സംഭവവും കത്തി നിൽക്കുകയാണ്. ഇതിനു പുറമെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കില്ല എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ പ്രസ്താവനയും കേരള രാഷ്ട്രീയത്തിൽ വളരെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷന്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോരുന്നത് വന്‍തുകയാണെന്നത് വസ്തുതാപരമായ യാഥാർഥ്യമാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവൻ പെൻഷനും കിട്ടും. ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായതിനാലാണ് ഗവർണർ ഈ ഒരു കാര്യത്തിൽ ശക്തമായി ഇടപെടുന്നത്. അതിനാൽ ഭൂരിഭാഗം ജനങ്ങളും ഗവർണറുടെ അഭിപ്രായത്തോട് യോജിക്കുന്നു. രാജ്യത്ത് മറ്റേത് സംസ്ഥാനത്തും ഇങ്ങനെയൊരു അവസ്ഥയില്ല. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായതിനാൽ പ്രതിപക്ഷ നേതാവുമായും ഗവർണർ കൊമ്പു കോർത്തിരിക്കുകയാണ്.

ഗവര്‍ണ്ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ ഒറ്റകെട്ടായി നിൽക്കുന്നു. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല. സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപയാണ്. വിവിധ വകുപ്പുകളിൽ സർക്കാർ സർവീസിൽ ഇരിക്കുന്നവരെ തന്നെ പേർസണൽ സ്റ്റാഫീലിലേക്ക് മാറ്റണം എന്ന പൊതുജനാഭിപ്രായവും നിലവിലുണ്ട്.

കേരള സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഇതിനു മുൻപ് കൊമ്പ് കോർത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ചാൻസലർ പദവി രാജി വെക്കുന്നു എന്ന പ്രസ്താവനയായിരുന്നു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് നടപടിക്രമം പാലിച്ചില്ല എന്നതായിരുന്നു ചാൻസലർ പദവിയിൽ നിന്നും രാജിയിലേക്ക് നയിച്ച സംഭവം. സർവകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വി സി നിയമനത്തിൽ
തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും നിലവിലുള്ള വി സിക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നുവെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി. കേരളത്തിലെ സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം അതിനാൽ മുഖ്യമന്ത്രി വി.സി സ്ഥാനം ഏറ്റെടുക്കണം. ചാൻസലർ പദവി ഭരണഘടന പദവിയല്ല. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം. സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണം. ഓർഡിനൻസ് ഒപ്പു വെയ്ക്കാൻ തയ്യാറാണെന്നും പറഞ്ഞുള്ള ഗവർണറുടെ പ്രസ്താവനകൾ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും കുറേകാലം അത് ചർച്ചാ വിഷയമായി സമൂഹത്തിൽ നില നിൽക്കുകയും ചെയ്തു. അതിനു മുൻപ് കർഷക പ്രക്ഷോഭം രാജ്യമെമ്പാടും ശക്തമായി കൊടുമ്പിരി കൊള്ളുന്ന സമയത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും ചർച്ചാ വിഷയമായതാണ്. നേരത്തെ സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഉപവാസ സമരം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതും ഇതേസമയം രാജ്യത്തൊട്ടാകെയുള്ള ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരം വിവിധ വിവാദ ആവശ്യങ്ങളും പ്രസ്താവനകളുമായി രംഗത്തെത്തുമ്പോൾ ഇത് ആരുടെയൊക്കെയോ തിരനാടകത്തിന്റെ ഭാഗമല്ലേ എന്ന സംശയം ഉയരുന്നതിൽ ഒരു തെറ്റുമില്ല. ഓരോ തവണയും മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ട ഗതികേടിലാണ് കേരള സർക്കാർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യത്തിലും ഘടകകക്ഷിയായ സിപിഐ അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും വളരെ അസ്വസ്ഥരാണ്. പിണറായി, ഗവർണറുടെ ഇൻഗീതത്തിനു വഴങ്ങിയിരിക്കുകയാണെന്നും ഇത് ഒരു കൊടുക്കൽ വാങ്ങലിന്റെ ഭാഗമാണെന്നുമാണ് പ്രതിപക്ഷ ആരോപണം.

ഇതേ സമയം നയപരമായ കാര്യങ്ങളിൽ ഗവർണർക്ക് വിവേചനാധികാരമില്ല എന്നാണ്‌ വിഗദ്ധർ അഭിപ്രായപ്പെടുന്നത്. ഭരണഘടനയുടെ 163 ആം അനുച്ഛേദമനുസരിച് മന്ത്രിസഭയുടെ തീരുമാനങ്ങളും ഉപദേശങ്ങളും അനുസരിച് പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട് എന്ന കാര്യം നിലനിൽക്കുമ്പോൾ പിണറായി വിജയൻ എന്തിന്‌ ഗവർണറുടെ മുൻപിൽ മുട്ടുകുത്തുന്നു എന്നതാണ് പൊതുവെ ഉയർന്നുവരുന്ന ചോദ്യം. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുക എന്നത് മാത്രമാണോ പിണറായിയുടെ മുന്നിലെ ആവശ്യം. യഥാർത്ഥത്തിൽ ഇന്ത്യയുടെ ഭരണഘടനാ പശ്ചാത്തലത്തിൽ ഗവർണർക്ക് കാര്യമായ അധികാരങ്ങളൊന്നും അടക്കിവെയ്ക്കാനില്ലെന്ന്‌ ഡോ. അംബേദ്‌കർ തന്നെ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ അധികാര പരിധികളിലേക്ക് നമ്മൾ കടന്നു ചെല്ലുമ്പോൾ നമുക്ക് മനസിലാക്കാൻ പറ്റുന്നത് ബ്രിട്ടീഷ് കാലത്തെ അതേ ജോലിയല്ല ഒരു സ്വതന്ത്ര്യ ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കില്‍ ഗവര്‍ണര്‍ക്കുള്ളത്. അതിനെ ചരിത്ര പശ്ചാത്തലത്തില്‍ തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തില്‍ ഇന്ത്യക്കാര്‍ക്ക് കൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളില്‍ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധി സഭകളുണ്ടായി. പ്രവിശ്യകള്‍ക്കുമേല്‍ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ പദവി ഒരു കൊളോണിയല്‍ ശേഷിപ്പാണെങ്കിലും, ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളില്‍ നിന്ന് സുപ്രധാനമായ ചില മാറ്റങ്ങള്‍ ഗവര്‍ണറെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ട്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ സെക്ഷന്‍ 50 ഇങ്ങനെയാണ്: ‘There shall be a council of ministers to aid and advice the Governor in the exercise of his functions, except insofar as he is by or under this Act required to exercise his functions or any of them in his discretion: Provided that nothing in this subsection shall be construed as preventing the Governor from exercising his individual judgment in any case whereby or under this Act he is required so to do. ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ”വൈയക്തിക ബോധ്യം (individual judgment)” എന്ന് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക.

എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം 163(1)ല്‍ ‘വൈയക്തിക ബോധ്യം’ എന്ന പ്രയോഗമില്ല. There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ പ്രതിയുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇത് വളരെ പ്രധാനമാണ്. ഇത്തരം വസ്തുതകൾ നിലനിൽക്കെ ഗവർണർ അനാവശ്യമായി ഭരണത്തിൽ ഇടപെട്ട് വിവാദങ്ങൾ സൃഷ്ടിക്കുകയല്ലേയെന്നും, ഇത് ഭരണ തടസ്സങ്ങൾക്ക് വഴിവെക്കുകയല്ലേ ചെയ്യുന്നതെന്നും പൊതുവെ ഒരു അഭിപ്രായം നിലവിലുണ്ട്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുകയാണ് വേണ്ടത് എന്ന പഴമൊഴി ഇവിടെ ഓർത്തുകൊണ്ട് ഈ കുറിപ്പ് നിർത്തുന്നു.

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.