Mail: reach@vakdevatha.com | Phone: +91 9604014773
September 25, 2022

പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ കണ്ടു. ആദ്യമായി സംവിധായകൻ വിനയന് ഒരു ബിഗ് സല്യൂട്ട്. കാരണം സൂപ്പർ താര പരിവേഷം ഇല്ലാതെ ചരിത്ര കഥകൾ പറഞ്ഞ് വിജയിപ്പിക്കാൻ പറ്റും എന്നതിന് ഒരു ഉദാഹരണം സെറ്റ് ചെയ്തതിന്. മോഹൻലാൽ പോലുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി യ മരയ്ക്കാർ ഇവിടെ ഞാൻ ഓർത്ത് പോകുന്നു. വിനയൻ എന്ന സംവിധായകനെ എനിക്ക് ഇഷ്ടമാണ്. കഥകൾക്കും അപ്പുറം സഞ്ചരിക്കുന്ന സംവിധായകൻ. അബ്ദുത ദ്വീപ് ഒക്കെ അതിന് ഒരുദാഹരണം മാത്രം. വെല്ലുവിളികളെ നിർഭയം നേരിടാൻ തയാറാകുന്ന വ്യക്തിയാണ് വിനയൻ. അത് സ്ക്രീനിൽ ആയാലും, സ്ക്രീ നിന് പുറത്ത് ആയാലും.

സൂപ്പർ താര പദവി ഇല്ലാത്ത സിജു വിൽസൺ (വേലായുധ പണിക്കർ), നങ്ങേലിയായി എത്തിയ കന്നഡ നടി (മഹാരാഷ്ട്രക്കാരിയാണ്‌ ) കയാടു ലോഹാർ, ചെമ്പൻ വിനോദ് കരമന സുധീഷ്, സുരേഷ് കൃഷ്ണ, സുദീപ് നായർ, അനൂപ് മേനോൻ, അലൻസിയർ, ഇന്ദ്രൻസ് തുടങ്ങിയ വലിയൊരു താര നിര കൊണ്ട് ചരിത്ര കഥയെ ഭദ്രമായി വിനയൻ പ്രേക്ഷകരിൽ എത്തിച്ചു. വിനയൻ തന്നെയാണ് കഥയും. അതിഭാവുകത്വം സംഭാഷണത്തിന് നൽകാതെ എന്നാല് വേണ്ടുന്നിടത്ത്‌ ഗാംഭീര്യം ഒട്ടും ചോരാതെ ആലപ്പുഴയിലും പരിസരത്തും നടന്ന ഒരു നൂറ്റാണ്ടിന്റെ ചരിത്ര ശകലം വരച്ചു കാട്ടാൻ നന്നായി സാധിച്ചു.

ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും അതിനെതിരെ പൊരുതിയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന വ്യക്തിയുടെയും ജീവിതം പുതുതലമുറയ്ക്ക് പരിചയ പെടുത്തി കൊടുക്കുന്നതാണ് പത്തൊൻപതാം നൂറ്റാണ്ട്.

മുലക്കരം, മീശക്കരം ഇങ്ങനെ പറയാൻ പോലും കൊള്ളില്ലാത്ത കരങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ തന്നെ നമുക്ക് വിഷമം തോന്നും. അപ്പൊൾ ആ കാലഘട്ടത്തിൽ അതിന്റെ തിക്താനുഭവങ്ങൾ പേറി ജീവിച്ചവരുടെ ദുരിത മോ? ഇത്തരം രംഗങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന തരത്തിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഇതിലെ ഓരോ അഭിനേതാക്കൾക്കും സാധിച്ചു എന്നത് വേറിട്ടൊരു കാഴ്ച.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഛായാഗ്രാഹകൻ ഷാജി കുമാറിനെയാണ്. ഒരു കാലഘട്ടത്തെ ഉൾകൊണ്ട് കൊണ്ട് നൽകിയ ദൃശ്യ പരതയെ എടുത്ത് പറയേണ്ടതാണ്. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം, വിവേക് ഹർഷന്റെ എഡിറ്റിംഗ്, ഇതൊക്കെ സിനിമയെ മികവുറ്റതാകുന്നു, കൂടാതെ സിനിമ ഒരു കൂട്ടായ്മയുടെ വിജയമാണെന്ന് വീണ്ടും വീണ്ടും നമുക്ക് കാട്ടിത്തരുന്നു. സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ ഒരുക്കിയ സംഘട്ടന രംഗങ്ങളും ആയോധന കലയുടെ മറുകുടമായി. കൂടാതെ ഗാനങ്ങളും എം. ജയചന്ദ്രന്റെ സംഗീതവും, റഫീഖ് അഹമ്മദിന്റെ വരികളും, പട്ടണം റഷീദിന്റെ മെയ്ക്കപ്പും പാകമായ ചേരുവകൾ ആയിരുന്നു.

അധികമാരുമറിയാത്ത ചരിത്രം പറയുന്ന പത്തൊൻപതാം നൂറ്റാണ്ട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമായി മാറുകയാണ്. കാലങ്ങൾക്ക് മുൻപുള്ള അശരണരായ മനുഷ്യ ജീവിതങ്ങളുടെ നേർക്കാഴ്ചകൂടിയാണ് ഈ ചിത്രം.

മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയും ശബ്ദത്തിലൂടെ വിവരിക്കുന്ന ഈ കഥയുടെ അവസാനം 19 ആം നൂറ്റാണ്ടിൽ നിരോധിച്ച ഈ വികലമായ വ്യവസ്ഥിതികൾ ഇരുപതാം നൂറ്റാണ്ടിൽ നില നിന്നിരുന്നു എന്ന് പറയുമ്പോൾ, ഇപ്പോഴും പല സംസ്ഥാനങ്ങളിലും ഇത്തരം വികൃതമായ ആചാരങ്ങൾ നില നിൽക്കുന്നില്ലെ എന്ന ചോദ്യം അവശേഷിക്കുന്നു. കർണാടകത്തിലെ ഉഡുപ്പിയിൽ ദളിതർ എച്ചിൽ ഇലയിൽ കിടന്നുരുളുന്ന സമ്പ്രദായം നിർത്തലാക്കിയത് അടുത്ത കാലത്താണ്.

Share This:
About Author

vakdevatha

Leave a Reply

Your email address will not be published.